യുവത്വത്തിന്റെ ആരംഭകാലത്തുതന്നെ പ്രശസ്തിയുടെ കൊടുമുടിയേന്തിയ കനേഡിയൻ പോപ് ഗായകനാണ് ജസ്റ്റിൻ ബീബർ. സംഗീതം കൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിക്കുമ്പോഴും ലഹരിയാൽ നിയന്ത്രിക്കപ്പെടുകയായിരുന്നു തന്റെ ജീവിതം എന്ന് തുറന്നു പറയുകയാണ് താരം.
തന്റെ ജീവനെയും ആരോഗ്യത്തെയും അതീവഗൗരവമായി ബാധിച്ച ലഹരിയുപയോഗത്തെക്കുറിച്ച് ജസ്റ്റിൻ ബീബർ സീസൺസ് എന്ന പരിപാടിയിലാണ് തുറന്നു പറഞ്ഞത്. അതിഭയാനകമായ പ്രത്യാഘാതങ്ങളായിരുന്നു ശരീരം നേരിട്ടിരുന്നതെന്ന് ജസ്റ്റിൻ വിശദീകരിച്ചു. ലഹരി ഉപയോഗം നിയന്ത്രണാതീതമായപ്പോൾ തന്റെ ബോഡിഗാർഡുമാർ രാത്രിയിൽ കൃത്യമായ ഇടവേളകളിൽ വന്ന് തന്റെ പൾസ് പരിശോധിച്ച് തനിക്ക് ജീവനുണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നെന്ന് ജസ്റ്റിൻ ബീബർ വെളിപ്പെടുത്തുന്നു. താൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി. രാത്രിയിൽ തന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു. അത് എത്രത്തോളം പരിതാപകരമായ അവസ്ഥയാണെന്ന് ആളുകൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല, സത്യസന്ധമായും ഭയാനകമായിരുന്നു തന്റെ അവസ്ഥയെന്നും ബീബർ പറയുന്നു. മയക്കുമരുന്ന് തന്റെ ജീവിതത്തിനുമേൽ അത്രമാത്രം ആധിപത്യം സ്ഥാപിച്ചിരുന്നുവെന്ന് ജസ്റ്റിൻ സമ്മതിക്കുന്നു.