കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർധിക്കുന്ന റിപ്പോർട്ടുകൾ തുടരെ പുറത്ത് വരുന്നുണ്ട്. 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവർക്കിടയിലാണ് ഹൃദയാഘാതത്തിന്റെ നിരക്ക് വർധിക്കുന്നതായി വിദഗ്ധർ പറയുന്നത്. ചിലപ്പോൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്കും പതിവായി വ്യായാമം ചെയ്യുന്നവർക്കും പോലും ഹൃദയാഘാതം സംഭവിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഡെയിലി മെയിലി’ന്റെ റിപ്പോർട്ട് അനുസരിച്ച് 2019-ൽ അമേരിക്കയിലെ 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവർക്കിടയിൽ 0.3 ശതമാനം പേർക്കാണ് ഹൃദയാഘാതമുണ്ടായത്. എന്നാൽ, കഴിഞ്ഞവർഷം ഈ കണക്ക് 0.5 ശതമാനമായി ഉയർന്നു. കഴിഞ്ഞ നാലുവർഷത്തിനിടെയാണ് ഈ വർധനവുണ്ടായത്. നിലവിൽ ഹൃദയാഘാതമുണ്ടാകുന്ന അഞ്ചുപേരിൽ ഒരാൾ 40 വയസ്സിന് താഴെ പ്രായമുള്ളയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ വേദനയും ദഹനസംബന്ധമായ പ്രശ്നങ്ങളും ഒരുപക്ഷേ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്ഷീണവും മനംപിരട്ടലും, സാധാരണയിലും കൂടുതൽ വിയർക്കുക,നെഞ്ചിൽ ഭാരം പോലെ അനുഭവപ്പെടുക, കൈകളിൽ പെട്ടെന്നുണ്ടാകുന്ന കഠിനമായ വേദന എന്നിവയൊക്കെ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. മറ്റു ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതി മിക്കവരും ഈ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നു.