ഫുഡ് പാക്കേജുകളിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് കണ്ടെത്തി ​ഗവേഷകർ

ഫുഡ് പാക്കേജുകളിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് കണ്ടെത്തി ​ഗവേഷകർ. പ്ലാസ്റ്റിക്, പേപ്പർ, കാർഡ്ബോർഡ് തുടങ്ങിയ ഫുഡ് പാക്കേജിങ് മെറ്റീരിയലുകളിൽ ഇരുനൂറിനടുത്ത് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി. ഫ്രോണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയാണ് ഇതിനായി ​ഗവേഷകർ പരിശോധിച്ചത്. തുടർന്ന് ഭക്ഷ്യമേഖലയിലെ പാക്കേജിങ് വിഭാ​ഗത്തിൽ മാത്രം 189-ഓളം കാൻസറിന് കാരണമാകുന്ന കെമിക്കലുകളുടെ സാന്നിധ്യം പഠനത്തിൽ കണ്ടെത്തി. 2020 മുതൽ 2022 വരെയുള്ള വിവിധ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളും പഠനത്തിന് സഹായകമായി. ഭക്ഷണത്തിന്റെ ഉത്പാദനം, പാക്കേജിങ്, സംഭരണം, ഉപഭോ​ഗം എന്നീ മേഖലകളിലായി ഉപയോ​ഗിക്കുന്ന വസ്തുക്കളിലാണ് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ സാന്നിധ്യം ഗവേഷകർ കണ്ടെത്തിയത്. പ്ലാസ്റ്റിക്, ​ഗ്ലാസ്, മെറ്റൽ, പേപ്പർ തുടങ്ങിയവയിൽ നിന്നെല്ലാം ഭക്ഷണത്തിലേക്ക് കെമിക്കലുകൾ പ്രവേശിക്കും. അതുകൊണ്ട് തന്നെ കൃത്യമായ പരിശോധന നടത്തേണ്ടതുണ്ടെന്നും ​ഗവേഷകർ വ്യക്തമാക്കി. പല കെമിക്കലുകളും സ്തനാർബു​​ദത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുമെന്നും ​ഡി.എൻ.എ.യിൽ തകരാറുണ്ടാക്കുന്നുവെന്നും ​ഗവേഷകർ കൂട്ടിച്ചേർത്തു . പാക്കേജിങ് ഘടകങ്ങളിൽ ബിസ്ഫെനോൾസ്, ഫാതലേറ്റ്സ്, പെർഫ്ലുറോആൽക്കൈൽ, പോളിഫ്ലൂറോആൽക്കൈൽ തുടങ്ങിയ കെമിക്കലുകളുടെ സാന്നിധ്യമാണ് കൂടുതലായും കണ്ടെത്തിയത്. ദൈനംദിന ഉത്പന്നങ്ങളിലെ കാൻസറിന് കാരണമാകുന്ന കെമിക്കലുകളിൽ കരുതൽ വേണമെന്നും പരമാവധി ഒഴിവാക്കണമെന്നും ​ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.