ആധുനിക ചികിത്സയിൽ വീണ്ടും മികവ് തെളിയിച്ച് സർക്കാർ ആശുപത്രി. കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിച്ച 70 വയസുകാരനാണ് ആധുനിക ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നത്. പരിശോധനയിൽ 70കാരന് പക്ഷാഘാതം സംഭവിച്ചതായും ആരോഗ്യം സങ്കീർണമായ അവസ്ഥയിലേക്ക് നിങ്ങുകയാണെന്നും ഡോക്ടർമാർ കണ്ടെത്തിയത്. ഉടൻതന്നെ വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിൽ കട്ടപിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഐവി ത്രോംബോലൈസിസ് ചികിത്സ നൽകി. അതിന് ശേഷം വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാനായി മെക്കാനിക്കൽ ത്രോമ്പക്ടമി നടത്തി. ഇന്റർവെൻഷൻ ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ബാഹ്യ സഹായമില്ലാതെ ഡോക്ടർമാർ മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്യുന്നത്. ചില സ്വകാര്യ ആശുപത്രികളിൽ ഈ ചികിത്സയുണ്ട്. എന്നാൽ അവിടെയൊക്കെ ലക്ഷക്കണക്കിന് രൂപയാണ് ചികിത്സയ്ക്ക് ചെലവ് വരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തെ കോമ്പ്രിഹെൻസീവ് സ്ട്രോക്ക് സെന്ററായി വികസിപ്പിച്ചെടുത്തിരുന്നു. ഇന്റർവെൻഷണൽ ന്യൂറോളജിയിൽ ഫെലോഷിപ്പെടുത്ത ഡോ. ആർ. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെക്കാനിക്കൽ ത്രോമ്പക്ടമി ചെയ്തത്.