കോഴിക്കോട് ജില്ലയിൽ ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സർവേ നടത്തി. വടക്കുമ്പാട് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും. ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓരോദിവസംകഴിയുമ്പോഴും രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. സെപ്റ്റംബർ ഏഴിനാണ് പ്ലസ് വൺ വിഭാഗത്തിലെ മൂന്ന് വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് സ്കൂളധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ ആരോഗ്യവിഭാഗത്തെ വിവരം അറിയിക്കുകയും, പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ പരിശോധന നടത്തിയപ്പോൾ രോഗംബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാർഡുകളിൽ ആറാം വാർഡിലൊഴികെ എല്ലാ വാർഡിലും മഞ്ഞപ്പിത്തം രോഗം ബാധിച്ചവരുണ്ട്. മഞ്ഞപ്പിത്തം പകർന്നതിന്റെ ഉറവിടം കൃത്യമായി കണ്ടെത്താനായിട്ടില്ല.