അഫ്ഗാനിസ്താനിലെ പോളിയോ വാക്‌സിനേഷൻ താലിബാൻ നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭ. സെപ്റ്റംബറിലെ കുത്തിവെപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുൻപാണ് വിവരം യു.എൻ. ഏജൻസികൾ വ്യക്തമാക്കിയത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കാരണം താലിബാൻ വ്യക്തമാക്കിയിട്ടില്ല. വീടുകൾതോറും പോയി വാക്‌സിൻ നൽകുന്നതിനുപകരം പള്ളികൾപോലുള്ള പൊതുസ്ഥലത്തുവെച്ച് വാക്‌സിൻ നൽകുന്ന രീതിയിലേക്കുമാറാൻ അഫ്ഗാൻ ആലോചിക്കുന്നതായി ആഗോള പോളിയോ നിർമാർജന യജ്ഞത്തിന് വിവരം ലഭിച്ചിരുന്നു. പോളിയോ രോഗത്തെ പൂർണമായും തുടച്ചുനീക്കാനാകാത്ത രണ്ടുരാജ്യങ്ങളിൽ ഒന്നാണ് അഫ്ഗാനിസ്താൻ. മറ്റൊന്ന് പാകിസ്താനാണ്. ഈ വർഷം 18 പേർക്ക് അഫ്ഗാനിസ്ഥാനിൽ പോളിയോ ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. 2023-ലേതിനെക്കാൾ കൂടുതലാണിത്. ഈ അതേസമയം ഗാസയിൽ 25 വർഷത്തിനുശേഷം വാക്‌സിനെടുക്കാത്ത പത്തുമാസമുള്ള കുഞ്ഞിന് പോളിയോബാധ സ്ഥിരീകരിച്ചിരുന്നു.