സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉപദേശക സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 1994ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്ട് പ്രകാരമായിരിക്കും സമിതി പ്രവര്‍ത്തിക്കുക. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഉപദേശക സമിതിയുടെ ചുമതലകള്‍. അവയവദാന പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അപ്രോപ്രിയേറ്റ് അതോറിറ്റിയായി പ്രവര്‍ത്തിക്കുന്നത്. ഓഫീസ് ഓഫ് ദ അപ്രോപ്രിയേറ്റ് അതോറിറ്റി കെ-സോട്ടോ ആണ്. അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളുടെ ലൈസന്‍സ് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍, അവയവം മാറ്റിവയ്ക്കല്‍ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുക, നടപടിയെടുക്കുക എന്നീ ചുമതലകളാണ് അപ്രോപ്രിയേറ്റ് അതോറിറ്റിയ്ക്കുള്ളത്.