മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്ക് ഊർജം പകരുന്നതിനായി സംസ്ഥാനത്ത് ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു

മജ്ജമാറ്റിവെക്കൽ ചികിത്സയ്ക്ക് ഊർജം പകരുന്നതിനായി സംസ്ഥാനത്ത് ബോൺമാരോ രജിസ്ട്രി തയ്യാറാക്കുന്നു. മജ്ജദാതാക്കളുടെയും ആവശ്യക്കാരുടെയും വിവരം ഏകീകൃതമായി ശേഖരിക്കുന്നതിനൊപ്പം രോഗികൾക്ക് യോജിക്കുന്ന മജ്ജ സംബന്ധിച്ച വിവരം കൈമാറാനും രജിസ്ട്രി ഉപകരിക്കും. മലബാർ കാൻസർ സെന്ററിനെ മിസ്ട്രി നടത്തിപ്പിനുള്ള നോഡൽ ഏജൻസിയായി നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടത്തുന്നതിനുള്ള ഫണ്ട് അനുവദിക്കുക കേരള ഡിവലപ്‌മെന്റ് ആൻഡ് ഇനവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ആയിരിക്കും. പ്രോജക്ട് മാനേജ്‌മെന്റെ യൂണിറ്റായും കെ-ഡിസ്‌ക് പ്രവർത്തിക്കും. സ്റ്റാർട്ടപ്പുകളുടെ സഹായവും ഇതിനായി തേടും. രജിസ്ട്രി തയ്യാറാവുന്നതോടെ മജ്ജദാനത്തിന് സന്നദ്ധരായവർക്ക് പദ്ധതിയിൽ പങ്കുചേരുന്ന രക്തബാങ്കുകളിൽ രജിസ്റ്റർചെയ്യാം. നിർമിതബുദ്ധി, മെഷീൻ ലേണിങ് സങ്കേതങ്ങളും സ്വീകർത്താക്കളെ കണ്ടെത്താൻ ഉപയോഗപ്പെടുത്തും. ആഗോളസംഘടനയായ വേൾഡ് മാരോ ഡോണർ അസോസിയേഷന്റെ മാനദണ്ഡപ്രകാരമാണ് സ്വീകർത്താക്കളെ തിരഞ്ഞെടുക്കുക. രക്താർബുദംപോലെ രക്തസംബന്ധമായ ഗുരുതരരോഗം ബാധിച്ചവർക്കാണ് സാധാരണ മജ്ജമാറ്റിവെക്കൽ ചികിത്സ വേണ്ടിവരുന്നത്. ആരോഗ്യവാനായ ആളിന്റെ മജ്ജയിൽനിന്ന് ശേഖരിക്കുന്ന കോശങ്ങൾ ആണ് രോഗിക്ക് നൽകുന്നത്.