ആദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെന്ന പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്

ആദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെന്ന പഠനമാണ് ഇപ്പോൾ പുറത്തുവരുന്നത്. അമേരിക്കയിൽ നിന്നുള്ള ഒരുകൂട്ടം ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. ശരീരത്തിലെ വൃക്ക, കരൾ, മസ്തിഷ്കം എന്നിവയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് വിലയിരുത്തലിലെത്തിയത്. സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നുമായി അമ്പത്തിയൊന്ന് സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് കരൾ, വൃക്ക എന്നിവയേക്കാൾ മുപ്പതുമടങ്ങ് കൂടുതൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം മസ്തിഷ്കത്തിൽ കണ്ടെത്തിയെന്ന് വ്യക്തമാക്കിയത്. മസ്തിഷ്കത്തിലേക്ക് ഉയർന്നതോതിൽ രക്തപ്രവാഹം നടക്കുന്നതുകൊണ്ടാവാം ഇതെന്നാണ് ​ഗവേഷകർ കരുതുന്നത്. മൈക്രോപ്ലാസ്റ്റിക് കലർന്ന രക്തം ശരീരത്തിൽ പ്രവഹിക്കുന്നതിലൂടെ പലഭാ​ഗങ്ങളിലേക്കും ഇവ ചെന്നെത്തുന്നു. കരളും വൃക്കയും വിഷമയമായ വസ്തുക്കളും മറ്റും പുറന്തള്ളുന്ന പ്രവർത്തനങ്ങൾ നടത്തുന്നവ ആയതിനാൽതന്നെ താരതമ്യേന മൈക്രോപ്ലാസ്റ്റിക് കുറവാണ് കണ്ടെത്തിയത്. പോളിതിലിൻ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകളാണ് കൂടുതലായും കണ്ടെത്തിയത്. കുപ്പികളുടെ അടപ്പ്, പ്ലാസ്റ്റിക് ബാ​ഗുകൾ തുടങ്ങിയ തയ്യാറാക്കാൻ വ്യാപകമായി ഉപയോ​ഗിച്ചുവരുന്ന ഘടകമാണിത്. മസ്തിഷ്കത്തിൽ മൈക്രോപ്ലാസ്റ്റിക്കുകൾ അടിയുന്നത് വീക്കം, കോശങ്ങളിൽ ക്ഷതം തുടങ്ങിയവയ്ക്കും മസ്തിഷ്കത്തിന്റെ ഘടനയിൽ മാറ്റമുണ്ടാകുന്നതിനും കാരണമാകുമെന്ന് ​ഗവേഷകർ പറയുന്നു.