കോവിഡ് വാക്‌സിനല്ല കോവിഡ് വൈറസാണ് വില്ലനെന്ന് വ്യക്തമാക്കി പഠന റിപ്പോർട്ട്

അടുത്തിടെ വർധിക്കുന്ന ഹൃദയാഘാതങ്ങൾക്കും മറ്റു ഹൃദ്രോ​ഗങ്ങൾക്കും പിന്നിൽ കോവിഡ് വാക്‌സിനല്ല കോവിഡ് വൈറസാണ് വില്ലനെന്ന് വ്യക്തമാക്കി പഠന റിപ്പോർട്ട്. ജാമാ നെറ്റ്വർക്ക് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിലെ വേഴ്സായി സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. മയോകാർഡൈറ്റിസിന് ചികിത്സയിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടിനും നാൽപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 2020 ഡിസംബർ മുതൽ 2022 ജൂൺ വരെ നീണ്ട പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. പഠനത്തിൽ പങ്കാളികളായവരെ പ്രധാനമായും മൂന്ന് ​ഗ്രൂപ്പുകളായി തിരിച്ചു. വാക്സിനേഷനു ശേഷം ഏഴുദിവസങ്ങൾക്കുള്ളിൽ മയോകാർഡൈറ്റിസ് ഉണ്ടായവർ, കോവിഡ് ബാധിച്ച് മുപ്പതുദിവസത്തിനുള്ളിൽ മയാേകാർഡൈറ്റിസ് ബാധിച്ച വാക്സിനെടുക്കാത്തവർ, മറ്റുകാരണങ്ങളാൽ മയോകാർഡൈറ്റിസ് ഉണ്ടായവർ എന്നിങ്ങനെയാണ് തരംതിരിച്ചത്. പതിനെട്ടുമാസത്തോളം മൂന്നുവിഭാ​ഗത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചു. തുടർന്നാണ് വാക്സിൻ മൂലമുള്ള മയോകാർഡൈറ്റിസ് സാധ്യതയും അതുമൂലമുള്ള സങ്കീർണതകളും വളരെ കുറവായിരുന്നുവെന്നും എന്നാൽ കോവിഡ് വൈറസ് മയോകാർഡൈറ്റിസിനുമപ്പുറമുള്ള ഹൃദ്രോ​ഗങ്ങൾക്കുവരെ കാരണമാകുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയത്. വാക്സിനേഷനു ശേഷം സ്ഥിരീകരിച്ച മയോകാർഡൈറ്റിസിന് കോവിഡിനുശേഷമുള്ള മയോകാർഡൈറ്റിസിനേക്കാൾ ​ഗുരുതരാവസ്ഥ കുറവായിരുന്നുവെന്നും ​ഗവേഷകർ കണ്ടെത്തി.