രാജ്യത്ത് 156 മരുന്നുസംയുക്തങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി

രാജ്യത്ത് 156 മരുന്നുസംയുക്തങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. കേരളത്തിലടക്കം കാര്യമായ വിൽപ്പനയുള്ള മരുന്നുസംയുക്തങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവൈറ്റമിനുകൾ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പൽബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങൾ തുടങ്ങിയ ഒട്ടേറെ അസുഖങ്ങൾക്കുള്ള മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്നിലധികം മരുന്നുകൾ ചേർത്തുണ്ടാക്കുന്ന മരുന്നുകളെയാണ് സംയുക്തങ്ങൾ എന്ന് വിളിക്കുന്നത്. ലോകത്താകമാനം 25-ൽത്താഴെ എണ്ണത്തിനാണ് അംഗീകാരമുള്ളത്. എന്നാൽ ഇന്ത്യൻവിപണിയിൽ ആയിരത്തിനുമുകളിൽ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതി നിർദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിർദേശാനുസരണമാണിപ്പോൾ നിരോധനം. പലഘട്ടങ്ങളായി 350-ഓളം മരുന്നുകൾ ഇങ്ങനെ നിരോധിച്ചിരുന്നു. ഇതിനുപുറമേയാണ് 156 എണ്ണംകൂടി നിരോധിച്ചത്. പുതിയ പട്ടികയിൽ ഭൂരിപക്ഷവും മൾട്ടിവൈറ്റമിൻ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളിൽ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തൽ. വിജ്ഞാപനം പുറത്തിറങ്ങിയ ഓഗസ്റ്റ് 12 മുതൽ നിരോധനം നിലവിൽവന്നു. കുട്ടികളിൽ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോൾ ചേർന്ന ദ്രവരൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ മരുന്നും നിരോധിച്ചിട്ടുണ്ട്.