ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്

ആഫ്രിക്കയിൽ എംപോക്സ് വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുത​ഗതിയിലാണ് പടരുന്നതെന്നു റിപ്പോർട്ട്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‍രോ​ഗവ്യാപനത്തിനുപിന്നിൽ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2022-ലെ രോ​ഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദ​ഗ്ധർ പറയുന്നു. clade IIb-യിലെ മരണനിരക്ക് ഒരുശതമാനമായിരുന്നെങ്കിൽ ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പത്തുശതമാനം കൂടുതലാണ്. നിലവിലെ വ്യാപനത്തിന് തുടക്കമാകുന്നത് കഴിഞ്ഞ ജനുവരി മുതലാണ്. റിപ്പബ്ലിക് ഓഫ് കോം​ഗോയിൽ മാത്രം 27,000 പേരെ എംപോക്സ് ബാധിക്കുകയും 1,100 മരണങ്ങൾ ഉണ്ടാവുകയും ചെയ്തു. ഈ വർഷം ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ മാത്രം രോ​ഗികളുടെനിരക്ക് 15,000-വും മരണനിരക്ക് 548-ഉം ആയിട്ടുണ്ട്. അയൽരാജ്യങ്ങളായ കെനിയ, റുവാൻഡ, ഉ​ഗാണ്ട എന്നിവിടങ്ങളിലും രോ​ഗവ്യാപനമുള്ളതായി അധികൃതർ വ്യക്തമാക്കി.