ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു

ഗാസയിൽ 25 വർഷത്തിനുശേഷം ആദ്യമായി പോളിയോബാധ സ്ഥിരീകരിച്ചു. വാക്‌സിനെടുക്കാത്ത പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് ജോർദാനിലെ ലാബിൽ നടത്തിയ പരിശോധനയിൽ രോഗബാധ കണ്ടെത്തിയത്. മൂന്നുകുട്ടികൾക്ക് പോളിയോ സംശയിക്കുന്നതായും അവരുടെ മലവിസർജ്യ സാംപിൾ ജോർദാനിലെ ലാബിൽ പരിശോധിക്കുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ജൂലായിൽ ഗാസയിലെ ആറിടങ്ങളിൽനിന്നുശേഖരിച്ച മലിനജല സാംപിളുകളിൽ പോളിയോ വൈറസ് സാനിധ്യം കണ്ടെത്തിയിരുന്നു. വരും ആഴ്ചകളിൽ ഗാസയിലെ 6.4 ലക്ഷം കുട്ടികൾക്ക് രണ്ടു ഡോസായി പോളിയോ തുള്ളിമരുന്ന് നൽകാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. അതിനായി 16 ലക്ഷം ഡോസ് വാക്‌സിൻ ഗാസയിലെത്തിക്കാനാണ് യു.എന്നിന്റെ ശ്രമം. തുള്ളിമരുന്ന് നൽകുന്നതിനായി ഏഴുദിവസത്തെ അടിയന്തരവെടിനിർത്തൽ വേണമെന്ന് യൂണിസെഫും ലോകാരോഗ്യസംഘടനയും ആവശ്യപ്പെട്ടു. വാക്‌സിൻ നൽകലിനെ പിന്തുണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വാക്‌സിനേഷനായി ഏഴുദിന വെടിനിർത്തലിന് സന്നദ്ധമാണെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. പോളിയോ വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി യുദ്ധം എത്രയുംപെട്ടെന്ന് നിർത്തണമെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടു.