116 രാജ്യങ്ങളിൽ എംപോക്സ് അഥവാ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തരയോ​ഗം ചേരാൻ ഒരുങ്ങി ലോകാരോ​ഗ്യസംഘടന

116 രാജ്യങ്ങളിൽ എംപോക്സ് അഥവാ മങ്കിപോക്സ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തരയോ​ഗം ചേരാൻ ഒരുങ്ങി ലോകാരോ​ഗ്യസംഘടന. ​ഗ്രേഡ് ത്രീ എമർജൻസി വിഭാ​ഗത്തിൽപ്പെടുത്തിയാണ് കൂടുതൽ മുന്നൊരുക്കങ്ങൾ നടത്താൻ ലോകാരോ​ഗ്യസംഘടന ഇടപെടൽ നടത്തുന്നത്. അടിയന്തര ഇടപെടൽ അനിവാര്യമാണെന്നാണ് ​ഗ്രേഡ് ത്രീ ക്ലാസിഫിക്കേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. 2022 മുതൽ ലോകത്തിന്റെ പലഭാ​ഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്.  വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോ​ഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോ​ഗികളുടെ നിരക്കിൽ വർധനയുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോയിലും അയൽരാജ്യങ്ങളിലേക്കും രോ​ഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അവിടുത്തെ ആരോ​ഗ്യവകുപ്പ് പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം 15,000 മങ്കിപോക്സ് രോ​ഗികളും 461 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്തേ അപേക്ഷിച്ച് 160 ശതമാനമാണ് വർധന.