കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നതായി ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വൈകാതെ കോവിഡിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിക്കുന്നു. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവിൽ കൂടുതലായുള്ളത്. എൺപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്നാണ് കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് വ്യക്തമാക്കി. യൂറോപ്പിൽ മാത്രം പോസിറ്റിവിറ്റി നിരക്ക് ഇരുപതുശതമാനത്തിന് മുകളിലാണെന്നും മരിയ കൂട്ടിച്ചേർത്തു. രോഗവ്യാപനം തടയാൻ വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം വാക്സിനേഷനിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ലോകാരോഗ്യസംഘടന നിർദേശിക്കുന്നു.