എച്ച് വൺ എൻ വൺ രോഗം, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. വായുവിലൂടെ പകരുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി എല്ലാ വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. ഗർഭിണികൾ, ചെറിയ കുട്ടികൾ, പ്രായമായവർ, ഇതരരോഗങ്ങൾ ഉള്ളവർ എന്നിവർ രോഗലക്ഷണങ്ങൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്. ചികിത്സക്കല്ലാതെ അനാവശ്യമായിട്ടുള്ള ആശുപത്രി സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതും, ആശുപത്രികളിൽ പോകുന്ന സമയത്ത് കൃത്യമായി മാസ്ക് ധരിക്കുകയും ചെയ്യേണ്ടതാണ്. വായുവിലൂടെ പകരുന്ന അസുഖം ആയതിനാൽ മാസ്ക് ധരിക്കുന്നത് രോഗപ്രതിരോധത്തിന് സഹായിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.