അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും

അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിൽ സംഘം സംസ്ഥാനത്തെത്തും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി ഐ.സി.എം.ആറിന് കത്തയച്ചിരുന്നു. തുടർന്നാണ് ഗവേഷണത്തിനായി കേന്ദ്രസംഘം എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപവത്‌കരിച്ച് തുടർചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. നിലവിൽ ആറുപേരാണ് രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇവർക്ക് പ്രത്യേക മാനദണ്ഡപ്രകാരമാണ് ചികിത്സ നൽകുന്നത്. അഞ്ച്‌ മരുന്നുകളുടെ സംയുക്തമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സയ്ക്കുള്ള മിൽറ്റിഫോസിൻ മരുന്ന് സംസ്ഥാനത്ത് ആവശ്യാനുസരം ലഭ്യമാണ്. കൂടുതൽ മരുന്നുകൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കെ.എം.എസ്.സി.എൽ. മാനേജിങ്‌ ഡയറക്ടർക്കു നിർദേശം നൽകിയെന്ന് മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.