അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവർക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് ചികിത്സ നൽകുന്നത്. പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയ്ക്ക് വിധേയമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകൾക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി വ്യക്തമാക്കി. മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവിൽ 6 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. 2 പേർക്ക് രോഗം സംശയിക്കുപ്പെടുന്നുമുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും പായൽ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയിൽ സമ്പർക്കമുണ്ടായ ആൾക്കാരാണ്. ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. വീട്ടിലെ കിണർ വൃത്തിയാക്കിയ ശേഷം ചെളിയിൽ നിന്നുള്ള അമീബ കലർന്ന വെള്ളത്തിൽ നിന്നാകാം രോഗം ഉണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം എന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു.