കോടതിയിൽ വീണ്ടും തിരിച്ചടി നേരിട്ട് പതഞ്ജലി ആയുർവേദ സ്ഥാപകൻ ബാബാ രാംദേവ്

കോടതിയിൽ വീണ്ടും തിരിച്ചടി നേരിട്ട് പതഞ്ജലി ആയുർവേദ സ്ഥാപകൻ ബാബാ രാംദേവ്. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരാണ് കോവിഡ്-19 മഹാമാരിയെ തുടർന്നുണ്ടായ മരണങ്ങൾക്ക് ഉത്തരവാദികൾ എന്ന പരാമർശം പിൻവലിക്കണമെന്ന് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. എയിംസിലെ റെസിഡന്റ് ഡോക്ടർമാരുടെ സംഘടന സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പതഞ്ജലിയുടെ ‘കൊറോനിൽ’ എന്ന ഉത്പന്നത്തെ കോവിഡിന്റെ മരുന്നെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാംദേവ് ഡോക്ടർമാരെ കുറ്റപ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തത്. ഡോക്ടർമാർക്കെതിരായ പരാമർശമുള്ള ട്വീറ്റുകൾ മൂന്ന് ദിവസത്തിനകം പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് രാംദേവിനേയും കൂട്ടാളി ആചാര്യ ബാലകൃഷ്ണയേയും പതഞ്ജലി ആയുർവേദിനേയും കോടതി വിലക്കി. ലക്ഷക്കണക്കിന് കോവിഡ് മരണങ്ങൾക്ക് ഉത്തരവാദികളെന്ന് പറഞ്ഞ് അലോപ്പതി ഡോക്ടർമാരെ കുറ്റപ്പെടുത്തുന്ന ബാബാ രാംദേവിന്റെ നടപടി അങ്ങേയറ്റം മോശമാണെന്ന് വിധിയിൽ കോടതി നിരീക്ഷിച്ചു. പതഞ്ജലിയുടെ ഗുളികകൾക്ക് ‘കൊറോനിൽ’ എന്ന പേര് നൽകുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമം പ്രകാരം ഇത് അനുവദിനീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.