2050 ഓടെ തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ മരണങ്ങൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന

2050 ഓടെ തെക്കുകിഴക്കൻ ഏഷ്യയിൽ കരൾ അർബുദ മരണങ്ങൾ ഇരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം 2,00,000 മരണങ്ങൾ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വൈറൽ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്സിനേഷൻ, രോഗനിർണയം, ചികിത്സ എന്നിവ നൽകാനുള്ള ശ്രമങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളോട് മുന്നറിയിപ്പ് നൽകി. ഇന്ത്യയുൾപ്പടെ പലയിടത്തും അർബുദ മരണങ്ങളിൽ കരൾ അർബുദമാണ് മുന്നിൽ. കണക്കുകൾ പ്രകാരം 2022-ൽ തെക്കുകിഴക്കൻ ഏഷ്യയിൽ 70.5 ദശലക്ഷം ആളുകൾക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് ബിയും സിയും ബാധിച്ചിട്ടുണ്ട്. തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിൽ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധനകളുടെയും ചികിത്സയുടെയും സാധ്യതകൾ കുറവാണെന്നും 2022 ൽ, ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിൽ 2.8% പേർക്ക് മാത്രമേ രോഗനിർണയം നടത്തിയിട്ടുള്ളൂ എന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഹെപ്പറ്റൈറ്റിസ് സി ബാധിച്ചവരിൽ യഥാക്രമം 26 ശതമാനം മാത്രമാണ് രോഗനിർണയം നടത്തി ചികിത്സിച്ചത്. 2022-ൽ ഏകദേശം 1.3 ദശലക്ഷം ആളുകളാണ് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. ഇത് ക്ഷയരോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിന് തുല്യമാണ് എന്നും WHO വ്യക്തമാക്കി. കോവിഡിന് ശേഷം പകർച്ചവ്യാധി മരണത്തിന്‍റെ രണ്ട് പ്രധാന കാരണങ്ങളാണ് വൈറൽ ഹെപ്പറ്റൈറ്റിസും ക്ഷയരോഗവും. വൈറൽ ഹെപ്പറ്റൈറ്റിസ് തടയുന്നതിനും രോഗനിർണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപകരണങ്ങളും മറ്റും ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബിയും സിയും ഉള്ള ആളുകൾ ഇപ്പോഴും രോഗാവസ്ഥയിൽ തുടരുകയാണ്. ആവശ്യമായ സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.