ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. സമരത്തിന്റെ ഭാഗമായി 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസിൽ നിന്ന് വിട്ട് നിൽക്കും. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നത്തെ സൂചന പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. എന്നാൽ സർക്കാരിൽ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്പനിയുടെ വാദം. അതേസമയം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 108 ജീവനക്കാർ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആണ് നിർദ്ദേശം നൽകിയത്. ശമ്പളം കിട്ടാൻ വൈകുമ്പോൾ സേവനം നിർത്തുന്ന പ്രവണത അടിയന്തരമായി തടയണമെന്ന അനീഷ് മണിയന്റെ പരാതിയിലാണ് നടപടി.