ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആദ്യമായി മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഇന്ത്യ. കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യയാണ് ഉയർന്ന കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നതു സംബന്ധിച്ച മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഹൃദയസംബന്ധമായ രോ​ഗങ്ങൾ കൂടുകയും കോവിഡിനുശേഷം ഹൃ​ദ്രോ​ഗികൾ കൂടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്തെ ഹൃദ്രോ​ഗവിദ​ഗ്ധർ വിഷയത്തിൽ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയത്. കാർഡിയോളജിക് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനപ്രകാരം ഉയർന്ന എൽ.ഡി.എൽ. കൊളസ്ട്രോൾ ഉള്ളവർ കൂടുതൽ കാണപ്പെട്ടത് കേരള, ​ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. പുതിയ നിർദേശപ്രകാരം ഹൃദ്രോ​ഗികളിലെ എൽ.ഡി.എൽ. നില അമ്പത്തിയഞ്ചിൽ താഴെയായിരിക്കണം. അപകടസാധ്യത കുറഞ്ഞവർ, മിതമായുള്ളവർ, ഉയർന്ന തോതിലുളളവർ, ഏറ്റവും അപകടസാധ്യതയുള്ളവർ എന്നിങ്ങനെ തിരിച്ചാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. ഹൃ​ദയസംബന്ധമായ രോ​ഗങ്ങൾ ഉണ്ടായിട്ടില്ലാത്തവർ അപകടസാധ്യത കുറഞ്ഞവരാണ്. പുകവലിക്കുക, പുകയില ഉപയോ​ഗിക്കുക, ഹൈപ്പർടെൻഷൻ, ഡയബറ്റിസ്, ‍ഡിസ്ലിപ്ഡെമിയ, രക്തബന്ധത്തിൽ ആർക്കെങ്കിലും ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങൾ ഉള്ളവർ മിതമായ അപകടസാധ്യത ഉള്ളവരുമാണ്. ഡയബറ്റിസ്, ഹൈപ്പർടെൻഷൻ, ​ഗുരുതരമായ വൃക്കരോ​ഗങ്ങൾ, രക്തബന്ധത്തിൽ ആർക്കെങ്കിലും ഹൃദ്രോ​ഗങ്ങൾ തുടങ്ങിയവ ഉള്ളവരാണ് ഉയർന്ന അപകടസാധ്യതാ വിഭാ​ഗത്തിലുള്ളത്. രക്തധമനികളിൽ ബ്ലോക്ക്, ഇരുപതിലേറെ വർഷമായി പ്രമേഹം, രക്തബന്ധത്തിൽ ആർക്കെങ്കിലും രക്തധമനികളിൽ തടസ്സമുണ്ടാവുക തുടങ്ങിയവരാണ് ഹൈ റിസ്ക് വിഭാ​ഗത്തിലുള്ളത്. ഇതുവരെ ലിപി‍ഡ് പാരാമീറ്റർ പരിശോധനയിൽ എൽ.ഡി.എൽ.കൊളസ്ട്രോൾ, നോൺ എച്ച്.ഡി.എൽ. കൊളസ്ട്രോൾ, എച്ച്.ഡി.എൽ. കൊളസ്ട്രോൾ, ട്രൈ​ഗ്ലിസറൈഡ്സ് തുടങ്ങിയവയായിരുന്നു പ്രധാന ഘടകങ്ങൾ. എന്നാൽ ഇനിമുതൽ ലിപോപ്രോട്ടിൻ(a) കൂടി പരിശോധിക്കണം. ലിപോപ്രോട്ടീന്റെ അളവ് കൂടുതലാണെങ്കിൽ ഹൃദ്രോ​ഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്നാണ് മനസ്സിലാക്കേണ്ടത്. വ്യായാമവും യോ​ഗയും ശീലമാക്കേണ്ടത് പ്രധാനമാണെന്നും നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.