മലപ്പുറത്ത് 140 കിലോ മായം ചേർത്ത തേയില പിടികൂടി

മലപ്പുറത്ത് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 140 കിലോ മായം ചേർത്ത തേയില പിടികൂടി. വേങ്ങൂർ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേർന്ന കെട്ടിടത്തിൽ നിന്നാണ് 140 കിലോ ചായപ്പൊടി കണ്ടെടുത്തത്. ഇവർ ചായക്ക് കടുപ്പം കിട്ടാൻ വേണ്ടിയാണ് ചായപ്പൊടിയിൽ മായം കലർത്തിയിരുന്നത്. പിടികൂടിയ ചായപ്പൊടിയുടെ സാമ്പിൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചു. മായം ചേർത്ത തേയില വിൽപ്പന നടത്താൻ ശ്രമിച്ച 2 പേരെ മലപ്പുറം ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഡി. സുജിത്ത് പെരേരയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡാണ് പിടികൂടിയത്. കൃത്രിമ നിറം ചേർത്തതെന്ന് സംശയിക്കുന്ന ചായപ്പൊടിയുടെ കവറിൽ നിർമാതാവിൻറെ പേരോ ലേബൽ വിവരങ്ങളോ ഇല്ലാതെ നിർലോഭം വിറ്റഴിച്ചിരുന്നതായി ഭക്ഷ്യസുരക്ഷ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നായിരുന്നു പരിശോധന.