കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നിന്നും പരിശോധനയ്ക്ക് അയച്ച കുടിവെള്ള സാംപിളുകളിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം

ഭക്ഷ്യ വിഷബാധ ഏറ്റ കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച കുടിവെള്ള സാംപിളുകളിൽ ഫലം ലഭിച്ച മൂന്ന് സാംപിളുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന വെള്ളം എന്നിവയിൽ നിന്നായി ഇതുവരെ 46 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇവയിൽ 19 സാംപിളുകളിലെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിൽ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തി. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടില്ല. വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയാണ്. ഇന്നു മുതൽ വിവിധ ഫ്ലാറ്റുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാംപിളുകൾ രണ്ടു നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.