പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യങ്ങൾ തന്നെയെന്നു കുഫോസ് റിപ്പോർട്ട്

പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യങ്ങൾ തന്നെയെന്നു കുഫോസ് റിപ്പോർട്ട്. രാസ മലിനീകരണത്തിൽ വിശദമായ പഠനം വേണമെന്നു സംസ്ഥാന സർക്കാരിനു കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിലാണ് കുഫോസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹൈഡ്രജൻ സൾഫൈഡ്, അമോണിയ, വെള്ളത്തിലെ ഓക്സിജന്റെ അളവിലുണ്ടായ കുറവ് എന്നിവ ഒന്നിച്ചു വന്നതോടെയാണ് വലിയ തോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയായത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലിയ അളവിൽ പാതാളം ബണ്ടിൽ മാലിന്യം ചീഞ്ഞതോടെ ഓക്സിജന്റെ അളവ് കുറയുകയും ഇത്തരമൊരു സാഹചര്യം ഹൈഡ്രജൻ സൾഫൈഡും അമോണിയയുടെയും അളവ് വർധിപ്പിക്കുകയും ചെയ്യുമെന്ന് കുഫോസ് റിപ്പോർട്ട് പറയുന്നു. ഇതിനൊപ്പം സൾഫറും സൾഫേറ്റും വെള്ളത്തിൽ കലർന്നതു വഴി ഹൈഡ്രജൻ സൾഫൈഡിന്റെ ഉത്പാദനം സംഭവിച്ച് ദുരന്തത്തിന് ആക്കം കൂട്ടുകയും ചെയ്തിരിക്കാം. ഹൈഡ്രജൻ സൾഫൈഡ് നേരിട്ട് വെള്ളത്തിലേക്ക് ഒഴുക്കുന്ന വ്യവസായശാലകൾ പോലുമുണ്ടെന്നും കുഫോസ് റിപ്പോർട്ടിൽ പറയുന്നു.