കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോളേജിലെ ആറ് വിദ്യാർഥികളെ തെരുവുനായ കടിച്ചത്. നായയുടെ ജഡം തിരുവല്ലയിലെ ലാബിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റ വിദ്യാർഥികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലർച്ചെയുമായാണ് മെഡിക്കൽ വിദ്യാർഥികൾക്ക് നായയുടെ കടിയേറ്റത്. കടിച്ചനായയെ ബുധനാഴ്ച രാവിലെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ആർപ്പൂക്കര പഞ്ചായത്ത്, മൃഗസംരക്ഷണവകുപ്പിനെ ഇക്കാര്യം അറിയിച്ചു. തുടർന്നാണ് നായയുടെ ശരീരം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. കടിയേറ്റ വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.