ജപ്പാനിൽ മനുഷ്യമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ പടരുന്നതായി റിപ്പോർട്ട്. മനുഷ്യശരീരത്തിൽ ഇവ പ്രവേശിച്ചാൽ നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ മാരകമാകുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെയാണ് പുതിയ ബാക്ടീരിയയുടെ വ്യാപനമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത് ജപ്പാനിൽ ഈ വർഷം മാത്രം 1,000 കേസുകൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. ടിഷ്യൂകളുടെ നാശത്തിനും അവയവങ്ങളുടെ പ്രവർത്തനം ദ്രുതഗതിയിൽ നിലയ്ക്കുന്നതിനും കാരണമാകുന്ന ഈ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’യുടെ അനിയന്ത്രിതമായ വ്യാപനം ജപ്പാനിലെയും ലോകത്തെയും മെഡിക്കൽ കമ്മ്യൂണിറ്റികൾക്കുള്ളിൽ കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ സാധാരണയായി കുട്ടികളിൽ തൊണ്ടയിടർച്ചയ്ക്കും വീക്കത്തിനും കാരണമാകാറുണ്ട്. അതേസമയം ചിലരിൽ ഇത് സന്ധിവേദന, സന്ധിവീക്കം, പനി, കുറഞ്ഞ രക്തസമ്മർദം തുടങ്ങിയവയ്ക്കു കാരണമാകാം. അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് ആന്തരികാവയവങ്ങളെ ബാധിക്കുകയും ശ്വസന പ്രശ്നങ്ങൾക്കും കോശനാശത്തിനും കാരണമാകുകയും അങ്ങനെ മരണത്തിനിടയാക്കുകയും ചെയ്യാം.