ഉപ്പ് പൂർണ്ണമായും ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ. ശരീരത്തിലെ പ്ലാസ്‌മ സാന്ദ്രത, ആസിഡ്-ബേസ് സന്തുലനം, നാഡീവ്യൂഹത്തിലെ ഇംപൾസുകളുടെ കൈമാറ്റം, കോശങ്ങളുടെ സാധാരണ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ഉപ്പ് അവശ്യമാണെന്ന് ആകാശ് ഹെൽത്ത് കെയറിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. പ്രഭാത് രഞ്‌ജൻ സിൻഹ പ്രമുഹ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. സോഡിയത്തിന്റെ തോത് താഴുന്നത് വൃക്കകളിൽ ഉപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. സോഡിയം തോത് കുറയുന്നത് ഹൈപോനാട്രീമിയയിലേക്കും നയിക്കാം. പേശിവേദന, ദുർബലത, ഓക്കാനം, ഛർദ്ദി, ഊർജ്ജമില്ലായ്‌മ, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കാം. ഒരു വ്യക്തി കോമയിലേക്ക് നീങ്ങുന്ന ഗുരുതര സാഹചര്യവും സോഡിയത്തിന്റെ കുറവ് മൂലം സംഭവിക്കാം. ഇതിനാൽ തന്നെ ഭക്ഷണത്തിൽ നിയന്ത്രിതമായ അളവിൽ ഉപ്പ് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഡോക്ടർ എടുത്ത് പറയുന്നു.