പുരുഷന്മാർക്കും ആർത്തവ വിരാരാമം ഉണ്ടെന്നു ഡൽഹി മദേഴ്സ് ലാപ് ഐവിഎഫ് സെന്ററിന്റെ ഡയറക്ടറും ഐവിഎഫ് വിദഗ്ദ്ധയുമായ ശോഭ ഗുപ്ത. പുരുഷ ലൈംഗിക ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ പെട്ടെന്ന് കുറയുന്നതാണ് ‘പുരുഷ ആർത്തവവിരാമം. 40 വയസിന് മുകളിലുള്ളവരിലാണ് ഇത് സാധാരണയായി ഉണ്ടാകുന്നതെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ മെയിൽ മെനോപോസ്’ സംഭവിക്കാനിടയുണ്ട്. 70 വയസുവരെ ഈ രോഗാവസ്ഥ നീണ്ടുനിൽക്കാനിടയുണ്ടെന്നും ശോഭ ഗുപ്ത വ്യക്തമാക്കുന്നു. പുരുഷന്മാരിൽ നിരവധി പ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. പ്രായം കൂടുന്തോറും പുരുഷന്മാരിൽ ബീജം ഉൽപാദിപ്പിക്കാനുള്ള കഴിവും ടെസ്റ്റോസ്റ്റിറോണിന്റെ അളവും കുറയുന്നു. ഇതാണ് ആൻഡ്രോപോസ് അഥവാ പുരുഷ ആർത്തവവിരാമം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്. ടെസ്റ്റോസ്റ്റിറോൺ സ്വാഭാവികമായും പ്രായത്തിനനുസരിച്ച് കുറയുമെങ്കിലും പ്രമേഹം ഇതിനൊരു പ്രധാന കാരണമാണ്. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് സ്ഥിരമായി കുറയുന്നതിനെ പ്രായവുമായി ബന്ധപ്പെട്ട ‘ലോ ടെസ്റ്റോസ്റ്റിറോൺ അല്ലെങ്കിൽ ലേറ്റ് ഓൺസെറ്റ് ഹൈപ്പോഗൊനാഡിസം’ എന്ന് വിളിക്കുന്നു. തൊഴിലിടങ്ങളിലെയും കുടുംബത്തിലെയും മറ്റുമുള്ള സമ്മർദ്ദം, ജീവിതശൈലി എന്നിവയും ഇതിന് കാരണങ്ങളാണ് എന്ന് ശോഭ ഗുപ്ത ചൂണ്ടിക്കാട്ടി.