ആദിത്യ എൽ – 1 വിക്ഷേപണ ദിവസം അർബുദം സ്ഥിരീകരിച്ചിരുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സൂര്യപര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ അതേ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വേളയിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അത് എന്താണെന്ന് മനസിലായില്ല. സ്കാനിങ്ങിൽ വയറ്റിൽ ഒരു മുഴ കണ്ടെത്തി. രോഗവിവരം അറിഞ്ഞപ്പോൾ തനിക്കും കുടുംബത്തിനും സഹപ്രവർത്തകർക്കും ഞെട്ടലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർപരിശോധനകൾക്കായി ചെന്നൈയിലേക്ക് പോയി. നാലു ദിവസം ചികിത്സയിലായിരുന്നു. കീമോ തെറപ്പിയും ശസ്ത്രക്രിയയും നടത്തി. രോഗവിമുക്തിയായെന്നും പരിശോധനകൾ തുടർന്നുവരികയാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. 2023 സെപ്റ്റംബർ രണ്ടിനായിരുന്നു ഇന്ത്യയുടെ സോളാർ ദൗത്യം.