യുഎസ്ൽ വിട്ടുമാറാത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ 52കാരൻറെ തലച്ചോറിനുള്ളിൽ വിരകളുടെ മുട്ടകൾ കണ്ടെത്തി. മാസങ്ങളായി തുടരുന്ന തലവേദന മൈഗ്രേയിൻ മൂലമാണെന്ന് കരുതിയാണ് ഇയാൾ ചികിത്സ തേടിയത്. എന്നാൽ ഡോക്ടർമാരുടെ പരിശോധനയിലാണ് ഇയാളുടെ തലച്ചോറിനുള്ളിൽ വിരകളുടെ മുട്ടകൾ കണ്ടെത്തിയത്. സ്കാനിംഗിൽ തലച്ചോറിൻറെ ഇരുവശത്തുമായി ഒന്നിലധികം സിസ്റ്റുകൾ കണ്ടെത്തി. ശേഷം അത് പന്നിയിറച്ചി ടേപ്പ് വേം മുട്ടകളാണെന്ന് കണ്ടെത്തുകയായിരുന്നു. സ്ഥിരമായി ഇയാൾ പാതി വേവിച്ച പന്നി ഇറച്ചി കൊണ്ടുള്ള ബേക്കൺ കഴിക്കുമായിരുന്നു. അങ്ങനെയാണ് ഇയാളുടെ തലച്ചോറിൽ വിരകളുടെ മുട്ടകൾ രൂപപ്പെട്ടത് എന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഇത്തരത്തിൽ പാകം ചെയ്ത ബേക്കൺ കഴിച്ചതിലൂടെ അണുബാധ ആമാശയത്തിൽ എത്തിയിട്ടുണ്ടാകും എന്നും ഇത് വിരകളായി മാറി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുണ്ടാകാം എന്നും ആണ് ഡോക്ടർമാരുടെ നിഗമനം.