സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്പെൻസറികളുടെ പ്രവർത്തനോദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഹോമിയോ ഡിസ്പെൻസറികൾ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുൻസിപ്പാലിറ്റികളിലും ഡിസ്പെൻസറികൾ സർക്കാർ അനുവദിച്ചിരുന്നതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികയും സൃഷ്ടിച്ചു. നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടുകൂടി ആണ് ഈ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റുകളെ നിയമിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. 40 ഡിസ്പെൻസറികളിൽ 33 എണ്ണമാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്. ബാക്കിയുള്ളവ ഉടൻ പ്രവർത്തനസജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പ്രയത്നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.