പശ്ചിമ ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ, വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ് എന്നിവർ പശ്ചിമ ഓസ്ട്രേലിയൻ മന്ത്രിയും സംഘാംഗങ്ങളുമായി ചർച്ച നടത്തി. ഓസ്ട്രേലിയൻ കോൺസുൾ ജനറൽ സിലായിസാകി ആരോഗ്യ, വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥർ, ആരോഗ്യ പരിപാലന സ്ഥാപനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഒഡെപെകുമായി വിദേശ നിയമനത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി കൈകോർക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. ആരോഗ്യ മേഖലയിലെ ഡോക്ടർ, നഴ്സ്, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെ ഒഡെപെക് മുഖേന പശ്ചിമ ഓസ്ട്രേലിയയിലെ പ്രമുഖ ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കും. കേരളത്തിലെ തൊഴിലന്വേഷകർക്ക് പശ്ചിമ ഓസ്ട്രേലിയയിൽ ജോലി നേടാൻ ആവശ്യമായ നൈപുണ്യ വികസന പരിശീലനങ്ങളും ഒഡെപെക് നൽകും. പശ്ചിമ ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തി.