വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ 1 കോടി രൂപ ചെലവഴിച്ചാണ് ഒരു യോഗ പരിശിലന കേന്ദ്രവും വിശ്രമ മന്ദിരവും സ്ഥാപിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരേ സമയം 25 പേർക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആയുർവേദ രംഗം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ഈ സാമ്പത്തിക വർഷം ഒന്നിച്ച് 116 തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്പെൻസറികൾ സ്ഥാപിക്കുക എന്ന സർക്കാരിന്റെ നയം നടപ്പിലാക്കിയതായും ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.