പ്രസവാനന്തര അമിത രക്തസ്രാവം നിയന്ത്രിക്കാനുള്ള പുതിയ ചികിത്സാരീതിയുമായി ബ്രിട്ടിഷ്– ഇന്ത്യൻ ഡോക്ടർമാർ. ഇന്ത്യക്കാരായ ഡോ. രഘുറാം ലക്ഷ്മിനാരായൺ, ഡോ. ബിബിൻ സെബാസ്റ്റ്യൻ, ഡോ. ഉമാ രാജേഷ് എന്നിവരടങ്ങുന്ന ഇംഗ്ലണ്ടിലെ ഹൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ ഏഴംഗ സംഘമാണ് ഗവേഷണത്തിനു പിന്നിൽ.
മലയാളിയായ ഡോ. ബിബിൻ സെബാസ്റ്റ്യൻ കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. ഗൈനക്കോളജിസ്റ്റ് കുഞ്ഞിനെ പുറത്തെടുത്ത ഉടനെ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ്ന് ശസ്ത്രക്രിയ കൂടാതെ ഗർഭപാത്രത്തിലേക്കും മറുപിള്ളയിലേക്കുമുള്ള രക്തക്കുഴലിൽ തടസ്സം സൃഷ്ടിച്ചു രക്തസ്രാവം തടയാൻ കഴിയും. ഇത് സമയനഷ്ടവും രക്തനഷ്ടവും കുറയ്ക്കുകയും അതുവഴി ജീവൻ രക്ഷിക്കുന്നതിനോടൊപ്പം ഗർഭപാത്രം നീക്കം ചെയ്യുന്നത് ഒഴിവാക്കാനും സഹായിക്കും. ലോകപ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ ജേർണൽ ഓഫ് വസ്ക്യൂലർ ഇന്റെർവെൻഷനൽ റേഡിയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യൻ സൊസൈറ്റി ഓഫ് വാസ്കുലാർ ഇൻറർവർഷനൽ റേഡിയോളജി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗവേഷണ പ്രസിദ്ധീകരണമായി ഈ പഠനത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.