പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 791 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 120 സ്ഥാപനങ്ങൾക്ക് നേരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.