ശബരിമല തീർത്ഥാടനത്തിനെത്തി സ്ട്രോക്ക് ബാധിച്ച തമിഴ്നാട് സ്വദേശിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറൽ ആശുപത്രി. തമിഴ്നാട് ഈറോഡ് സ്വദേശി 60 കാരൻ സമ്പത്തിനെ ഇന്നലെ രാവിലെയാണ് ശരീരത്തിന്റെ വലതുവശത്ത് തളർച്ച, സംസാരത്തിന് കുഴച്ചിൽ, പെരുപ്പ് എന്നീ രോഗ ലക്ഷണങ്ങളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ അദ്ദേഹത്തിന് സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നൽകി. സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നൽകാനായത് കൊണ്ടാണ് ശരീരം തളർന്ന് പോകാതെ രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത് എന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് സമ്പത്തിന് നൽകിയത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ ന്യൂറോളജിസ്റ്റ് ഡോ. സ്റ്റാൻലി ജോർജ് ഉൾപ്പെടെയുള്ള മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.