സർക്കാർ മേഖലയിൽ ആദ്യമായി കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി യഥാദർത്ഥ്യമാക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തനസജ്ജമായ റോബോട്ടിക് സർജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെൽഫെയർ ആന്റ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റോബോട്ടിക് സർജറി യാഥാർത്ഥ്യമാകുന്നതിലൂടെ കാൻസർ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് ആരോഗ്യ മേഖല കൈവരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യതമാക്കി. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആർ.സി.സി.യിലും എം.സി.സി.യിലും റോബോട്ടിക് സർജറി സംവിധാനവും, ഡിജിറ്റൽ പത്തോളജി മികവിന്റെ കേന്ദ്രങ്ങളും സജ്ജമാക്കുന്നതിന് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെ തുകയനുവദിച്ചത്. എം.സി.സി.യിലും റോബോട്ടിക് സർജറി ഉടൻ പ്രവർത്തന സജ്ജമാകുന്നതാണ്. ഹൈടെക് ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.