18 വര്‍ഷം തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ച യെമന്‍ യുവാവിന് ഒടുവില്‍ ആശ്വാസം

18 വര്‍ഷം തലയ്ക്കകത്ത് വെടിയുണ്ടയുമായി ജീവിച്ച യെമന്‍ യുവാവിന് ഒടുവില്‍ ആശ്വാസം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ മൂന്ന് സെന്റി മീറ്റര്‍ നീളമുള്ള വെടിയുണ്ട യൂവാവിന്റെ ചെവിയൂടെ നീക്കം ചെയ്തു. 29കാരനായ യെമനി യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ഇടത് ടെമ്പറല്‍ അസ്ഥിയുടെ ഉള്ളിലായിരുന്നു വെടിയുണ്ട. വെടിയുണ്ട കാരണം യുവാവ് കടുത്ത തലവേദനയും കേള്‍വിയില്ലായ്മയും അനുഭവിച്ചിരുന്നു. 11ാമത്തെ വയസ്സില്‍ രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിതിനിടയില്‍ യാദൃശ്ചികമായി പെട്ടുപോയ യുവാവിന് തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അവര്‍ മുറിവ് വൃത്തിയാക്കുക മാത്രമാണ് ചെയ്തത്. ബുള്ളറ്റ് ചെവിയിലൂടെയാണ് തുളച്ചുകയറിയത്. അതുകൊണ്ടുതന്നെ ചെവിയുടെ കവാടം ഇടുങ്ങിയതായി. ബുള്ളറ്റ് ചെവിയില്‍ കാണാമായിരുന്നു. എന്നാല്‍ അതിന്റെ മറ്റേയറ്റം അസ്ഥിയില്‍ കുടുങ്ങി. മുറിവ് ഉണങ്ങാത്തതിനാല്‍ പഴുപ്പ് അടിഞ്ഞുകൂടാനും അണുബാധക്കും കാരണമായി. ഈ പ്രശ്‌നം പിന്നീട് തലവേദനയിലേക്ക് നയിച്ചു. വലിയ രീതിയില്‍ രക്തസ്രാവം ഉണ്ടാക്കാന്‍ സാധ്യതയുള്ള ശസ്ത്രക്രിയ അധിക രക്തസ്രാവമില്ലാതെ പൂര്‍ത്തിയാക്കിയതായും യുവാവിന് ഭാഗികമായി കേള്‍വി ശക്തി തിരിച്ചുകിട്ടിയതായും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.