ആയുര്‍വേദ മികവിന്റെ കളിത്തൊട്ടിലായാണ് കേരളം അറിയപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ചാമത് ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആയുര്‍വേദ ടൂറിസം ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല സംസ്ഥാനത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ ആയുഷ് മന്ത്രാലയം രാജ്യത്തുടനീളം ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. ഈ ചുവടുവയ്പ് ഒരു നാഴികക്കല്ലാണ്. പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വ്യാപകമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സാര്‍വത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാനും ഇത് ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.