കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. കണ്ടെത്തി രണ്ടു മാസം പിന്നിട്ടതോടെ അമേരിക്കയ്ക്കു പുറമേ യുകെ, പോർച്ചുഗൽ, നെതർലൻഡ്സ്, സ്പെയിൻ ഉൾപ്പടെ 11 രാജ്യങ്ങളിൽക്കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് പറയുന്നു. ബിഎ 2.86 വകഭേദത്തിൽനിന്നുണ്ടായ പുതിയ രൂപമാണ് ജെഎൻ.1. സ്പൈക് പ്രോട്ടീനിന്റെ സാന്നിധ്യത്തിലുള്ള വ്യത്യാസം മാത്രമാണ് ഇരുവകഭേദങ്ങൾക്കുമുള്ളത്. കോവിഡ് വാക്സിനുകളെല്ലാം ഈ സ്പൈക് പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ വകഭേദം സാർസ് കോവ് 2 വൈറസുകളുടെ 0.1 ശതമാനത്തിൽ താഴെയാണെന്നും അതിനാൽ വലിയ ഭീഷണിയില്ലെന്നും സിഡിസി പറയുന്നു. നിലവിലുള്ള വാക്സിൻ ജെഎൻ.1നെതിരെ ഫലപ്രദമാകണമെന്നില്ല. പുതുക്കിയ വാക്സിൻ രോഗം ഗുരുതരമാകുന്നതു തടയാൻ സഹായിക്കുമെന്നും സിഡിസി വ്യക്തമാക്കുന്നു.