എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ 30 ഓളം മാതാപിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേയും വിദഗ്ധരാണ് പരിശീലനം നൽകിയത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്തകുട്ടികളുടെ മാതാപിതാക്കൾക്കാണ് പരിശീലനം നൽകിയത്.
അതിനിടെ അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ശ്വാസകോശത്തിൽ കഫം കെട്ടുന്നതാണ് എസ് എം എ കുട്ടികളിൽ ഏറ്റവും അലട്ടുന്ന പ്രശനം, പലപ്പോഴും ഫിസിയോതെറാപ്പിസ്റ്റുകളുടെ അടുത്ത് കുട്ടിയെ എത്തിക്കാൻ കഴിയാതെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് കുട്ടികളുടെ രക്ഷിതാക്കൾക്ക് തന്നെ ചെസ്റ്റ് ഫിസിയോതെറാപ്പിയിൽ വിദഗ്ധ പരിശീലനം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.