വയനാട് ജില്ലയിൽ കുരങ്ങ് പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു

വയനാട് ജില്ലയിൽ കുരങ്ങ് പനി പ്രതിരോധം ഊർജ്ജിതമാകാൻ ജില്ലാ കളക്ടർ രേണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകൾ ചത്ത് കിടക്കുന്നത് കണ്ടാൽ സ്വീകരിക്കേണ്ട മുൻ കരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചചെയ്തു.

കുരങ്ങ് പനിക്കെതിരെയുള്ള ബോധവത്ക്കരണ ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവ അതത് പഞ്ചായത്തുകളുടെ സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും ജനങ്ങളിലേക്കെത്തിക്കും. വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തിൽ പോകുന്നവരും പ്രത്യേക മുൻകരുതലെടുക്കണം. പ്രതിരോധ മരുന്നുകൾ ഉപയോഗിക്കണം. ആവശ്യമെങ്കിൽ പി.പി.ഇ കിറ്റ് പോലുള്ള സൗകര്യങ്ങൾ ഉറപ്പ് വരത്തണം. ബി.ബി എമൽഷൻ പോലുള്ള പ്രതിരോധ ലേപനങ്ങൾ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. വൈറസ് രോഗമായ കുരങ്ങുപനി ഉണ്ണി, പട്ടുണ്ണി, വട്ടൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ചെള്ളുകളാണ് പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതു പകരുന്നു.