ചെസ് പോലുള്ള ഗെയിമുകളില്‍ ഏര്‍പ്പെടുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതുമൊക്കെ മുതിര്‍ന്നവരില്‍ ഡിമെന്‍ഷ്യ രോഗസാധ്യത കുറയ്ക്കാമെന്ന് പഠനം. ഓസ്ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. തുന്നല്‍, പെയിന്റിങ് തുടങ്ങിയവയേക്കാള്‍ ഗുണം ചെയ്യുന്നവയാണ് ഇവയെന്നും പഠനത്തില്‍ പറയുന്നു. വിദ്യാഭ്യാസ സംബന്ധമായ ക്ലാസ്സുകളില്‍ ഏര്‍പ്പെടല്‍, ദൈനംദിന കാര്യങ്ങള്‍ കുത്തിക്കുറിക്കല്‍, പദപ്രശ്നം പൂരിപ്പിക്കല്‍ തുടങ്ങിയവയില്‍ സജീവരായവരില് ഡിമെന്‍ഷ്യ സാധ്യത സമപ്രായക്കാരെ അപേക്ഷിച്ച് 11 ശതമാനം വരെ കുറവായിരിക്കുമെന്നും പഠനം പറയുന്നു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.