മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവഹിച്ചു

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ വച്ച് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. ദേശീയ വാക്‌സിനേഷൻ പട്ടിക പ്രകാരം വാക്‌സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികളും വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു.

സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരുവാൻ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷൻ നൽകുന്നതാണ്. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള ദുർഘട സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായത്തോടെ വാക്‌സിനേഷൻ നൽകുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 7 മുതൽ 12 വരെയാണ് ഒന്നാംഘട്ട വാക്‌സിനും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ് നൽകുന്നത്.