തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്കിടെ വിദ്യാർഥിനി മരിച്ചത് ചികത്സ പിഴവുമൂലം എന്ന് ആരോപണം. ആറ്റിങ്ങൽ സ്വദേശിനി മീനാക്ഷിയാണ് മരിച്ചത്. ചെവിയില്‍ ഫാൻസി കമ്മലിട്ടതിന് പിന്നാലെയുണ്ടായ അലര്‍ജിയെ തുടർന്ന് മീനാക്ഷിയെ ഈ മാസം 17 നു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു. അസുഖം പൂര്‍ണായി മാറിയതായും ഇനി മരുന്ന് കഴിച്ചാല്‍ മതിയെന്നും ഡോക്ടർമാർ അറിയിച്ചതായും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ബന്ധുക്കള്‍ ഡിസ്ചാർജ് വേണമെന്ന് എഴുതിനല്‍കിയതിന് ശേഷമാണ് കുട്ടിയെ വിട്ടയച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖമായ സിസ്റ്റമിക് ലൂപസ് എരിത്തമെറ്റോസിസ് എന്ന അസുഖമാണ് കുട്ടിക്ക് ഉണ്ടായിരുന്നതെന്നും ഈ അസുഖത്തിന് മതിയായ ചികിത്സ നല്‍കിയിരുന്നതായും അധികൃതർ വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ അസുഖം എന്താണെന്ന് തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.