തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ്.എം.എ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറി ആരംഭിച്ചു. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആരംഭിച്ചത്. എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറിയ്ക്കായി വേണ്ട സംവിധാനമൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇക്കഴിഞ്ഞ ജനുവരിയില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് സ്പൈന്‍ സ്കോളിയോസിസ് സര്‍ജറി നടത്തിയത്. എസ്.എം.എ ബാധിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വീല്‍ച്ചെയറില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ പതിനാല് വയസുകാരിയെ മെയ് 25ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. എസ്.എം.എ ബാധിച്ച കുട്ടികള്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളേജിലും ആരംഭിച്ചിരിക്കുന്നത്.