കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കും. ഏതൊക്കെ ആശുപത്രികളിലാണ് സേനയെ വേണ്ടതെന്നു തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്കുതന്നെ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആശുപത്രികളിലെ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിച്ചത്. സ്വകാര്യ ആശുപത്രികളിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയുടെ സേവനം ആവശ്യമായി വരുകയാണെങ്കിൽ വിട്ടു നല്കാൻ തയ്യാറാണെന്നും എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്കുള്ള ചെലവ് മാനേജ്മെന്റ് വഹിക്കണം എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഡോ. വന്ദനാ ദാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.