ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി നിർദേശം നൽകി. അടിയന്തര അന്വേഷണത്തിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കൽ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കൽ കോളേജ് അറ്റന്റര്‍ പീഡിപ്പിക്കുകയായിരുന്നു. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് പീഡനവിവരം പറയുകയും ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു. ഒളിവിലായിരുന്ന പ്രതി മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായി. മെഡിക്കൽ കോളേജിലെ അറ്റൻഡറാണ് വടകര സ്വദേശിയായ പ്രതി.