താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കുത്തനെ വർധിക്കുകയും ജലക്ഷാമം രൂക്ഷമാവുകയും ചെയ്തതിനു പിന്നാലെ താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുന്നത് നിർത്തിവച്ച് ദുരന്ത നിവാരണ അതോറിറ്റി. താപസൂചിക ഭൂപടം ചില മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് മൂലം ജനങ്ങൾ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. അന്തരീക്ഷ ഊഷ്മാവിനോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും സംയുക്തമായി ഉണ്ടാക്കുന്ന ചൂടിനെ സൂചിപ്പിക്കുന്ന അളവാണ് താപ സൂചിക. തീരദേശ സംസ്ഥാനമായ കേരളത്തിന്റെ അന്തരീക്ഷ ആർദ്രത കൂടുതലായതിനാൽ രേഖപ്പെടുത്തുന്ന ചൂടിനേക്കാൾ കൂടുതലായിരിക്കും അനുഭവപ്പെടുന്ന ചൂട്. കാലാവസ്ഥ രംഗത്തെ വിദഗ്ദ്ധരുമായും ഉപദേശക സമിതിയുമായും ദുരന്ത നിവാരണ അതോറിറ്റി കൂടിയാലോചനകൾ നടത്തിയ ശേഷമായിരിക്കും താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.